ഡബ്ലിൻ: പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് വല കൊണ്ട് പൊതിയുന്നത് നിരോധിക്കും. യൂറോപ്യൻ യൂണിയന്റെ പുതിയ നിയമപ്രകാരം ആണ് നിരോധനം കൊണ്ടുവരുന്നത്. 2030 ഓട് കൂടി നിരോധനം നിലവിൽ വരുമെന്നാണ് സൂചന.
അയർലന്റിലെ പാരിസ്ഥിതിക സംഘടനയായ റീപാക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പിൾ, ഓറഞ്ച്, ഉളളി മുതലായ പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് നെറ്റുകൾ കൊണ്ട് ആവരണം ചെയ്യുന്നത് നിരോധിക്കുമെന്ന് റീപാക്ക് വ്യക്തമാക്കി. ഇതിന് പുറമേ വെള്ളരിക്ക, ചോളം തുടങ്ങിയവ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുന്നതും നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും റീപാക്ക് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ അടുത്തിടെ നടത്തിയ സർവ്വേയിൽ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനാണ് അയർലന്റിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിരോധനം ഏർപ്പെടുത്തുന്നത്.

