ഇന്ത്യയിൽ പൊന്നും വിലയുള്ള കന്നുകാലികളെ കാണാനാണ് പലരും പുഷ്കർ മേളയ്ക്ക് എത്തുന്നത്. ഇത്തവണയും പുഷ്കർ മേളയിൽ ലക്ഷങ്ങളാണ് കാണികളായി എത്തിയത്. ഇക്കുറി കാണികളുടെ മനസിളക്കിയ കൂട്ടത്തിൽ ഒരു രണ്ടരവയസുകാരനും ഉണ്ടായിരുന്നു. അതെ വെറും രണ്ടരവയസുള്ള ഒരു കുതിര , വിലയോ 15 കോടിയും.
ചണ്ഡീഗഡിൽ നിന്നുള്ള ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് ഷഹബാസ് . രണ്ടര വയസ്സുള്ള കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളിൽ വിജയിച്ചിട്ടുണ്ട്. 9 കോടി രൂപ വരെ ഓഫറുകൾ ലഭിച്ചതായി ഗാരി ഗിൽ പറയുന്നു. കുതിരയുടെ പ്രജനനച്ചെലവ് മാത്രം രണ്ട് ലക്ഷം രൂപയാണ്, വിലയേറിയ മാർവാരി ഇനത്തെ കാണാൻ സന്ദർശകർ ക്യൂവിലാണ്.
23 കോടി രൂപ വിലവരുന്ന അൻമോൾ എന്ന പോത്തും മേളയിലെ താരമാണ് . രാജസ്ഥാനിൽ നിന്നുള്ള അൻമോൾക്ക് പാൽ, നെയ്യ്, ഉണക്കിയ പഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.25 ലക്ഷം രൂപ വിലവരുന്ന ഉജ്ജൈനിൽ നിന്നുള്ള റാണ എന്ന എരുമ പുഷ്കർ മേളയിലെ ഒരു പുതിയ ആകർഷണമായി മാറിയിരിക്കുന്നു. ഏകദേശം 600 കിലോഗ്രാം ഭാരവും 8 അടി നീളവും 5.5 അടി ഉയരവുമുണ്ട് റാണയ്ക്ക് . “മൂന്നര വർഷം പ്രായമുള്ള ഈ എരുമയ്ക്ക് പ്രതിദിനം 1,500 രൂപ വരെ വിലവരുന്ന ഭക്ഷണം ആവശ്യമാണ്. ഭക്ഷണത്തിൽ പയർ മാവ്, മുട്ട, എണ്ണ, പാൽ, നെയ്യ്, കരൾ ടോണിക്ക് എന്നിവ ഉൾപ്പെടുന്നു”. ഒക്ടോബർ 23 ന് ആരംഭിച്ച മേള നവംബർ 7 നാണ് അവസാനിക്കുന്നത്.

