അനിരുദ്ധ് രവിചന്ദറിന്റെയും , കാവ്യാമാരന്റെയും വിവാഹചിത്രങ്ങൾ വൈറലാകുന്നു. നവംബർ 11, 12 തീയതികളിൽ ഗ്രീസിൽ വച്ച് വിവാഹം നടക്കുമെന്ന വിവരങ്ങൾ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ചില ആരാധകരാകട്ടെ അനിരുദ്ധിന്റെയും , കാവ്യയുടെയും എ ഐ വീഡിയോ പോലും നിർമ്മിച്ചു.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമമിട്ടു കൊണ്ട് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അനിരുദ്ധ് വിവാഹാഘോഷത്തിന്റെ ചിത്രം ആരാധകരുമായി പങ്ക് വച്ചത്. പോസ്റ്റ് പങ്ക് വച്ച് മിനിറ്റുകൾക്കകം ചിത്രങ്ങൾ വൈറലായി. ആശംസകളുമായി ആരാധക വൃന്ദം മുഴുവൻ പോസ്റ്റിൽ സജീവമായി . ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആരാധകരാണ് അനിരുദ്ധിന് ആശംസയുമായി എത്തിയത്.
കാവ്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് അനിരുദ്ധ് പങ്ക് വച്ചിരിക്കുന്നത് . സൂപ്പർ സ്റ്റാർ രജനികാന്തും, മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പമുള്ള ചിത്രങ്ങളും പുറത്ത് വന്നു. അനിരുദ്ധിന്റെ അടുത്ത ബന്ധുവാണ് രജനികാന്ത് . കാവ്യ മാരന്റെ അടുത്ത ബന്ധുവാണ് എം.കെ. സ്റ്റാലിൻ വിവാഹച്ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗ്രീസിലെ വിവാഹാഘോഷങ്ങൾക്ക് ശേഷം നവംബർ 21 ന് ചെന്നൈയിൽ വിവാഹസത്ക്കാരം നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കടക്കം ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. താരനിബിഡമായ ചടങ്ങാണ് ചെന്നൈയിൽ പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് കാവ്യ വിവാഹം മാസങ്ങൾക് മുൻപേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വിവാഹക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. കാവ്യയുടെ കുടുംബം വിവാഹം ക്ഷണിക്കാനെത്തിയ വിവരമാണ് രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്തും, ഒരുക്കങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

