ഇടുക്കിയിലെ ഉടുമ്പൻ ചോലയ്ക്ക് നല്ല അസൽ ഏലയ്ക്കായുടെ മണമാണ്. മൂത്ത് പാകമായ ഏലയ്ക്കയുടെ രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന മണം . ഏലം മാത്രമല്ല കുരുമുളക്, കാപ്പി, തേയില അങ്ങനെയെല്ലാമുണ്ട് ഉടുമ്പൽ ചോലയിൽ . കുറവുള്ളത് വികസനം മാത്രമാണെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ പക്ഷം.
ഹൈറേഞ്ച് മേഖലയിൽ വ്യാപിച്ചുകിടക്കുന്ന ഈ മണ്ഡലം തേയിലത്തോട്ടങ്ങളാലും കുടിയേറ്റ സങ്കേതങ്ങളാലും വനനിരകളാലും രൂപപ്പെട്ടതാണ്.ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണിത്.
1996 ൽ കോൺഗ്രസിന്റെ ഇ എം അഗസ്തിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 2001 മുതൽ 2011 വരെ സിപിഎമ്മിന്റെ കെ കെ ജയചന്ദ്രനാണ് ഇവിടെ നിന്ന് എം എൽ എ ആയത് . 2016 മുതൽ സിപിഎമ്മിന്റെ എം എം മണിയാണ് ഇവിടുത്തെ എം എൽ എ . ഭീമമായ ഭൂരിപക്ഷത്തോടെയാണ് എം. എം. മണി 2021 ൽ വിജയിച്ചത്. മണി 77,381 വോട്ടുകൾ നേടി . കോൺഗ്രസിലെ ഇ. എം. അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചു .
സിറ്റിങ് എംഎൽഎ എംഎം മണി ഇത്തവണ മത്സരരംഗത്തില്ലാത്തതിനാൽ മുൻ എംഎൽഎ കെകെ ജയചന്ദ്രൻ പത്ത് വർഷത്തിന് ശേഷം വീണ്ടും എൽ ഡി എഫ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെത്തുന്നു . സേനാപതി വേണുവാണ് യുഡിഎഫ് സ്ഥാനാർഥി. . ബിഡിജെഎസിന്റെ അഡ്വ. സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർഥി.
തോട്ടം മേഖലയിലെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇവിടെ മുൻ തൂക്കം. വ്യക്തിപ്രഭാവത്തിനും ഇച്ഛാശക്തിയുള്ള നേതൃത്വത്തിനുമാണ് വോട്ടർമാർ മുൻഗണന നൽകുന്നത് . ഭരണകൂട സംവിധാനങ്ങളോടും തോട്ടം ഉടമകളോടും ഉദ്യോഗസ്ഥരോടും ശക്തമായി സംസാരിക്കാൻ കഴിയുന്ന, ഉറച്ച നിലപാടുകളുള്ള നേതൃത്വത്തെയാണ് ഇവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് . അങ്ങനെയുള്ളവർക്കൊപ്പം തുടർന്നും നിൽക്കുമെന്നാണ് ഇവിടുത്തെ വോട്ടർമാർ പറയുന്നതും

