കേരളത്തിൽ ഇക്കുറി ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ. കാരണം മൂന്ന് മുന്നണികളും തങ്ങളുടെ കരുത്തന്മാരെ കളത്തിലിറക്കിയ കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്ന് ബേപ്പൂർ ആണ്. ചരിത്രം പരിശോധിച്ചാൽ എൽഡിഎഫിനും യുഡിഎഫിനും ബേപ്പൂർ അവസരം നൽകിയിട്ടുള്ളതായി കാണാം. എന്നാൽ ബേപ്പൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഇക്കുറി വ്യത്യസ്തമായിരിക്കുമെന്ന് മനസിൽ ഉറപ്പിച്ചാണ് എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം.
1965 ലാണ് ബേപ്പൂർ നിയമസഭാമണ്ഡലം നിലവിൽവന്നത്. കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ 29ാം നമ്പറാണ് ബേപ്പൂർ. ചെറുവണ്ണൂർ- നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബേപ്പൂർ നിയമസഭാമണ്ഡലം. മന്ത്രി മുഹമ്മദ് റിയാസാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ നാടാണ് ബേപ്പൂർ. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഇവിടെ ഒരുപോലെ തിങ്ങിപ്പാർക്കുന്നു. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സമ്മിശ്ര രൂപമാണ് ബേപ്പൂർ നിയമസഭാമണ്ഡലം. 2021 ലെ കണക്കുകൾ പ്രകാരം ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ 2,08,059 വോട്ടർമാരാണ് ഉള്ളത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എൽഡിഎഫ് കൈവശംവച്ച് പോരുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എന്നാൽ ഇതിന് മുൻപ് യുഡിഎഫിനെയും മണ്ഡലം പരീക്ഷിച്ചിട്ടുണ്ട്. 1967 ലാണ് മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ അവസരം ബേപ്പൂരിലെ ജനങ്ങൾ ഇടത് പക്ഷത്തിന് നൽകി. സിപിഎം സ്ഥാനാർത്ഥി കെ. ചാത്തുണ്ണി ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 1970 ലും അദ്ദേഹം വിജയം ആവർത്തിച്ചു. 1977 ൽ മണ്ഡലം യുഡിഎഫിന്റെ കൈകളിൽ എത്തി. കോൺഗ്രസിന്റെ എൻ.പി മൊയ്ദീനെ കളത്തിലിറക്കി യുഡിഎഫ് മണ്ഡലം തങ്ങളുടെ വരുതിയിൽ ആക്കി. 1982 വരെ അദ്ദേഹം മണ്ഡലം എംഎൽഎ ആയി തുടർന്നു.
എന്നാൽ 1982 ൽ മണ്ഡലം യുഡിഎഫിനെ കൈവിട്ടു. അന്ന് മുതൽ ഇടത് സ്ഥാനാർത്ഥിയ്ക്ക് മാത്രമേ ബേപ്പൂർ അവസരം നൽകിയിട്ടുള്ളൂ. 1982 ൽ കെ. മൂസക്കുട്ടി മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1987 ൽ എൽഡിഎഫിന്റെ ടി.കെ ഹംസ മണ്ഡലം പിടിച്ചെടുത്തു. 2001 വരെ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001 ൽ വി.കെ.സി മുഹമ്മദ് കോയയും 2006 ലും 2011 ലും എളമരം കരീമും ഇവിടെ വിജയിച്ചു. 2016 ൽ വീണ്ടും വികെസി മുഹമ്മദ് കോയ മണ്ഡലം എംഎൽഎ ആയി. 2021 ൽ മണ്ഡലം പി.എ മുഹമ്മദ് റിയാസിന്റെ കൈകളിൽ എത്തി.
ഇക്കുറി സിറ്റിംഗ് എംഎൽഎയെ കളത്തിൽ ഇറക്കി ഭാഗ്യപരീക്ഷണം നടത്തുകയാണ് എൽഡിഎഫ്. മന്ത്രിതന്നെ മണ്ഡലത്തിൽ ഇറങ്ങുമ്പോൾ വിജയത്തിന്റെ തിളക്കം കൂടുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ നേരിടാൻ എത്തിയിരിക്കുന്നത് എഐടിസിയുടെ പി.വി അൻവറാണ്. കേരള രാഷ്ട്രീയത്തിലെ വമ്പന്മാരിൽ ഒരാളാണ് അൻവർ എന്നതാണ് ശ്രദ്ധേയം. ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവാണ് മണ്ഡലത്തിൽ ഇരുവരെയും നേരിടുന്നത്. മൂന്ന് വമ്പൻമാരും പരസ്പരം കൊമ്പുകോർക്കുമ്പോൾ ഇടത് കോട്ട തകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

