ശ്രീനഗർ : ഭീകരൻ ഹാഫിസ് സയീദ് പാകിസ്ഥാനിലുണ്ടെന്ന് എൻ ഐ എ . ജമ്മുവിലെ പ്രത്യേക കോടതിയിലാണ് എൻഐഎ ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. അറസ്റ്റിൽ നിന്ന് ഹാഫിസ് സയീദ് ഒഴിഞ്ഞുമാറുകയാണെന്നും എൻ ഐ എ കോടതിയെ അറിയിച്ചു . കേസ് കേട്ട കോടതി ഹാഫിസിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. രണ്ട് മാസത്തിനുള്ളിൽ ഹാഫിസ് സയീദിനെതിരെയുള്ള രണ്ടാമത്തെ ജാമ്യമില്ലാ വാറണ്ടാണിത്.
കശ്മീർ താഴ്വരയിൽ പ്രവർത്തിക്കുന്ന ഭീകരർക്ക് ഹാഫിസ് സയീദ് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ, പണം, നിർദ്ദേശങ്ങൾ എന്നിവ നൽകുന്നുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു . ഇതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ എൻഐഎ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു .
ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കേസിലാണ് നിലവിൽ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത് കേസ് . ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള പാണ്ഡച്ചിലെ ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയ മുഹമ്മദ് നഖീബ് ഭട്ട് എന്ന ഭീകരനിൽ നിന്ന് ചൈനീസ് നിർമ്മിത ഗ്രനേഡും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
ജക്കോറ പോലീസ് സ്റ്റേഷനിൽ മുഹമ്മദ് നഖിബ് ഭട്ടിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള നിരവധി തീവ്രവാദികളെ അറസ്റ്റ് ചെയ്തു. അതിന്റെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധപ്പെട്ട വ്യക്തികളും അന്വേഷണ പരിധിയിൽ വന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. ഈ അന്വേഷണത്തിലാണ് ഹാഫിസ് സയീദിന്റെ പങ്ക് പുറത്തുവന്നതെന്ന് എൻഐഎ അറിയിച്ചു. അറസ്റ്റിലായ പാകിസ്ഥാൻ ഭീകരർക്ക് അദ്ദേഹവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. സെപ്റ്റംബർ 8 ന് നടന്ന വാദം കേൾക്കലിൽ, പ്രത്യേക ജഡ്ജി പ്രേം സാഗർ, അന്വേഷണത്തിൽ ഹാഫിസ് സയീദിന്റെ പങ്ക് വെളിപ്പെട്ടതായി പ്രസ്താവിച്ചു.
തുടർന്ന്, കോടതി ഹാഫിസ് സയീദിനെതിരെ പൊതു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. രണ്ട് മാസത്തിനിടെ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതി ഹാഫിസ് സയീദിനെതിരെ പുറപ്പെടുവിച്ച രണ്ടാമത്തെ ജാമ്യമില്ലാ വാറണ്ടാണിത്. ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജൂലൈ 8 നും ഹാഫീസിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

