ന്യൂഡൽഹി ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഡൽഹിയിലെത്തി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും സിപിസി സെൻട്രൽ കമ്മിറ്റിയുടെ ജനറൽ ഓഫീസ് ഡയറക്ടറുമായ കായ് ക്വി, ചൈനീസ് വിദേശകാര്യ മന്ത്രിയും സിപിസി സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ വാങ് യി എന്നിവരും ഷി ജിൻപിംഗിനൊപ്പമുള്ള സംഘത്തിലുണ്ടെന്ന് ചൈനീസ് വാർത്താ ഏജൻസി അറിയിച്ചു. ഏകദേശം 400 പേരടങ്ങുന്ന സംഘമാണ് ചൈനയിൽ നിന്ന് എത്തുന്നത്. 2019-ൽ ഷി ജിൻപിംഗിനൊപ്പം 200-ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത് .
ഷി ജിൻപിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഷി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുമെന്ന് വ്യാഴാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബിഷ്കെക്കിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ അവതരിപ്പിച്ചതുപോലെ തന്നെ, ബ്രിക്സ് ഉച്ചകോടിയിലും ‘ഗ്ലോബൽ സൗത്ത്’ (വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ) സഹകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഷി ജിൻപിംഗ് മുന്നോട്ടുവെക്കുമെന്നാണ് സൂചന. ബ്രിക്സ്, എസ് സി ഒ എന്നീ രണ്ട് കൂട്ടായ്മകളും തങ്ങളുടെ അംഗത്വവും വികസ്വര പങ്കാളികളുമായുള്ള ശൃംഖലകളും വിപുലീകരിച്ചിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട് ഇവയിലെ അംഗരാജ്യങ്ങൾ ചേർന്ന് ലോകജനസംഖ്യയുടെ പകുതിയിലധികവും ആഗോള സമ്പദ്വ്യവസ്ഥയുടെ ഏകദേശം 30 ശതമാനവും പ്രതിനിധീകരിക്കുന്നു.

