ഇടത് പക്ഷത്തോട് മാത്രം കൂറ് പുലർത്തുന്ന കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ ഒന്നാണ് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ. ഓരോ ഇടത് സ്ഥാനാർത്ഥികൾക്കും രണ്ട് വീതം അവസരം നൽകി എന്നത് തൃക്കരിപ്പൂർ മണ്ഡലത്തിന്റെ മാത്രം പ്രത്യേകതയാണ്. 1977 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഓരോ എംഎൽഎയ്ക്കും 10 വർഷം ഭരിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുള്ളതായി കാണാം.
1977 ലാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം നിലവിൽവന്നത്. 2008 വരെ കണ്ണൂർ ജില്ലയിലെ ചില പഞ്ചായത്തുകൾ കൂടി ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ.
എന്നാൽ മണ്ഡലം പുനർനിർണയിച്ചതോടെ കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകളെ നീക്കം ചെയ്തു. നിലവിൽ ഹോസുദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയും, ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 1997 ന് മുൻപ് നീലേശ്വരം നിയമസഭാമണ്ഡലമായിട്ടായിരുന്നു തൃക്കരിപ്പൂർ മണ്ഡലം അറിയപ്പെട്ടിരുന്നത്. 2021 ലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 2,02,249 വോട്ടർമാർ ഉണ്ട്. കാസർഗോഡ് ലോക്സഭാമണ്ഡലത്തിന്റെ ഭാഗമാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം.
1977ൽ ആയിരുന്നു മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ അങ്കത്തിൽ സിപിഎം സ്ഥാനാർത്ഥി പി. കരുണാകരൻ വിജയിച്ചു. പിന്നീട് 1980 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982 ൽ സിപിഎമ്മിന്റെ ഒ ഭരതൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഭരതൻ മാത്രമാണ് മണ്ഡലത്തിൽ ഒറ്റത്തവണ മാത്രം എംഎൽഎ ആയ നേതാവ്.
1987 ൽ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് ഇ.കെ നായനാർ ഇവിടെ നിന്നും വിജയിച്ചു. 1991 ലും അദ്ദേഹം വിജയം ആവർത്തിച്ചു. പിന്നീട് 1996 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം സിപിഎം നേതാവ് കെ.പി സതീഷ് ചന്ദ്രന് അവസരം നൽകി. 2001 ലും അദ്ദേഹത്തെ ഭാഗ്യം തുണച്ചു. 2006 ലും 2011 ലും കെ. കുഞ്ഞിരാമൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2016 ൽ സിപിഎം നേതാവ് എം. രാജഗോപാലൻ ഇവിടെ നിന്നും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആവർത്തിച്ചു.
ഇക്കുറി ഇടതിന് വേണ്ടി അങ്കത്തിനിറങ്ങുന്നത് സിപിഎം നേതാവ് വി.പി.പി മുസ്തഫയാണ്. പൂർവ്വകാലചരിത്രം നൽകുന്ന ആത്മവിശ്വാസം മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുമ്പോൾ അദ്ദേഹത്തിനുണ്ട്. വിജയം ഇക്കുറി തന്നെ മാത്രമേ തുണയ്ക്കുകയുള്ളൂവെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയ സന്ദീപ് വാര്യരെയാണ് മണ്ഡലത്തിൽ യുഡിഎഫ് പരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം വലിയ ചർച്ചകൾക്ക് വഴിമാറിയുന്നു. തൃക്കരിപ്പൂരുമായി തനിക്ക് വലിയ ആത്മബന്ധമാണ് ഉള്ളതെന്നാണ് സന്ദീപ് വാര്യരുടെ വാദം. ഇത് അദ്ദേഹത്തിന് പരിഹാസം നേടിക്കൊടുത്തിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വിജയം മനസിൽകണ്ടാണ് സന്ദീപ് വാര്യരുടെ മുന്നോട്ട് പോക്ക്.
തൃക്കരിപ്പൂരിൽ എൻഡിഎ അവസരം നൽകിയിരിക്കുന്നത് ട്വന്റി ട്വന്റിയ്ക്കാണ്. രവി കുളങ്ങരയാണ് ഇവിടുത്തെ എൻഡിഎ സ്ഥാനാർത്ഥി. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും, കേന്ദ്രസർക്കാരിന്റെ മികച്ച ഭരണവും തനിക്ക് അനുകൂലമായി ഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

