കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം . കുവൈറ്റിലും സൗദി അറേബ്യയിലുമാണ് ആക്രമണങ്ങൾ നടന്നത്. കുവൈറ്റ് നാഷണൽ ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിന എൽ അഹ്മദി എണ്ണ ശുദ്ധീകരണശാലയിലാണ് ഡ്രോൺ ആക്രമണം നടന്നത്. ഇതിനെത്തുടർന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുന്നുണ്ട്.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തേക്ക് തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം പറഞ്ഞു. പ്രതിദിനം 730,000 ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാണിത്.
ഏഴ് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാ ആക്രമണങ്ങളെയും ചെറുത്തതായും മന്ത്രാലയം അറിയിച്ചു. അതേസമയം, മധ്യ ഇറാനിൽ ഒരു യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായും പൈലറ്റിന് രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലെന്നും ഇറാൻ പറഞ്ഞതായി മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിനും ജോർദാനും ഇടയിലുള്ള ട്രെബിൽ അതിർത്തി ക്രോസിംഗിൽ വെള്ളിയാഴ്ച രാവിലെ ഡ്രോൺ തകർന്നുവീണതായും റിപ്പോർട്ടുണ്ട്.

