കോഴിക്കോട്: വർഗീയ പ്രചാരണം നടത്തിയെന്ന യുഡിഎഫിന്റെ പരാതിയിൽ എൽഡിഎഫ് കൺവീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടീസ് അയച്ചു. പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നാണ് പരാതി. ഇടതുമുന്നണിയുടെ പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.
പരാതിയിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് ടി പി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തും. വർഗീയതയെക്കുറിച്ച് പറഞ്ഞ് എൽഡിഎഫ് വോട്ട് തേടില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, ചില പ്രസ്താവനകളും നാടൻ പ്രയോഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവത്തിൽ കെ സി വേണുഗോപാൽ എംപിയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. നടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഷാഫി പറമ്പിലിനെതിരെ സമാനമായ വർഗീയ പ്രചാരണം നടന്നതായും ഇവർ പറഞ്ഞു. അനൗൺസ്മെന്റ് വാഹനം വഴി ഫാത്തിമ തഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടന്നതായി യുഡിഎഫിന്റെ പരാതിയിൽ പറയുന്നു.

