ടെഹ്രാൻ: രണ്ടാമതും അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനം എഫ്-35 തകർത്തതായി അവകാശവാദം ഉന്നയിച്ച് ഇറാൻ. തങ്ങളുടെ അധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐ ആർ ജി സിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലിയ സ്ഫോടനത്തിലൂടെയാണ് വിമാനം തകർത്തതെന്നും, പൈലറ്റ് രക്ഷപ്പെട്ടിരിക്കാൻ സാധ്യത കുറവാണെന്നും ഇറാൻ സൈനിക വൃത്തങ്ങൾ വിശദീകരിച്ചു. നേരത്തെ, മാർച്ച് 19നും അമേരിക്കയുടെ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നു.
അമേരിക്കൻ അഞ്ചാം തലമുറ യുദ്ധസന്നാഹങ്ങളുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർവിമാനമാണ് എഫ്-35. അമേരിക്കക്ക് പുറത്ത് പത്തൊൻപതോളം രാജ്യങ്ങളിൽ വലിയ പ്രചാരമുള്ള വിമാനമാണ് ഇത്. തങ്ങളാണ് അത് തകർത്ത ആദ്യ രാജ്യം എന്നതായിരുന്നു ഇറാന്റെ അവകാശവാദം.
വിമാനം പുലർച്ചെ 2.50നാണ് തകർത്തത് എന്നും ഇറാൻ വ്യക്തമാക്കുന്നു. അതേസമയം, ഇറാന്റെ സർഫസ് ടു എയർ മിസൈൽ ആക്രമണത്തെ തുടർന്ന് ഒരു എഫ്-35 വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്നും, പൈലറ്റ് സുരക്ഷിതനാണെന്നും അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

