ചണ്ഡീഗഢ്: ബൗളിംഗിലും ബാറ്റിംഗിലും സമഗ്രാധിപത്യം പുലർത്തി, ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗലൂരു ഐപിഎൽ ഫൈനലിൽ കടന്നു.
ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ, ടോസ് നേടിയ ബംഗലൂരു പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിച്ചു. കണിശതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ബംഗലൂരുവിന് മുന്നിൽ പഞ്ചാബ് ബാറ്റിംഗ് നിര ചീറ്റുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ, അവരുടെ സ്കോർ 14.1 ഓവറിൽ 101 റൺസിൽ അവസാനിച്ചു.
3 വിക്കറ്റുകൾ വീതം വീഴ്ത്തിയ സുയാഷ് ശർമ്മയും ജോഷ് ഹെയ്സല്വുഡും പഞ്ചാബിനെ വരിഞ്ഞ് മുറുക്കി. 2 വിക്കറ്റ് വീഴ്ത്തിയ യാഷ് ദയാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ റൊമാരിയോ ഷെപേർഡും ഭുവനേശ്വർ കുമാറും ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 26 റൺസ് എടുത്ത മാർക്കസ് സ്റ്റോയ്നിസിനും 18 റൺസ് വീതമെടുത്ത പ്രഭ്സിമ്രാൻ സിംഗിനും അസ്മതുള്ളയ്ക്കും മാത്രമേ പഞ്ചാബ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. എക്സ്ട്രാ ഇനത്തിൽ കിട്ടിയ 11 റൺസ് കൂടി ഇല്ലായിരുന്നുവെങ്കിൽ പഞ്ചാബ് മൂന്നക്കം തികയ്ക്കുമായിരുന്നില്ല.
മികച്ച ഫോമിൽ തുടരുന്ന ബംഗലൂരുവിന് 102 റൺസ് എന്ന വിജയലക്ഷ്യം തുലോം നിസ്സാരമായിരുന്നു. 12 റൺസെടുത്ത കോഹ്ലിയെ നഷ്ടമായെങ്കിലും 27 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ഫിൽ സാൾട്ട് അവരെ പത്താമത്തെ ഓവറിൽ അനായാസം വിജയത്തിലെത്തിച്ചു. മായങ്ക് അഗർവാൾ 19 റൺസെടുത്തു. 15 റൺസെടുത്ത ക്യാപ്ടൻ രജത് പാട്ടിദാർ, പത്താം ഓവറിലെ അവസാന പന്ത് ഗ്യാലറിയിലേക്ക് പറത്തി ബംഗലൂരുവിന്റെ ഫൈനൽ പ്രവേശനം ഉറപ്പാക്കി.
തോറ്റെങ്കിലും ഫൈനലിൽ കടക്കാൻ പഞ്ചാബിന് ഇനിയും അവസരമുണ്ട്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായതിനാൽ, എലിമിനേറ്ററിൽ വിജയിക്കുന്ന ടീമിനെ അവസാന ക്വാളിഫയറിൽ പരാജയപ്പെടുത്തിയാൽ അവർക്ക് ഫൈനൽ കളിക്കാം. ഇതേ വേദിയിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിൽ വെള്ളിയാഴ്ചയാണ് എലിമിനേറ്റർ. ഫൈനൽ ജൂൺ 3ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുക.

