കൊച്ചി : തനിക്കെതിരായ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അന്വേഷണം ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
വസ്തുതകൾ പരിശോധിക്കാതെയാണ് തനിക്കെതിരായ നടപടി സ്വീകരിക്കുന്നതെന്ന് ശ്വേത തന്റെ ഹർജിയിൽ പറഞ്ഞു. രാജ്യത്ത് സെൻസർ ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിന് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സാധ്യതയുണ്ട്.
സിനിമകളിൽ അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന പരാതിയിലാണ് ശ്വേത മേനോനെതിരെ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത് . എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കേസിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.കോടതി നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പുട്ടവിമലാദിത്യ പറഞ്ഞു.

