പ്രണവിന്റെ പ്രായത്തിൽ സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റിക്കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് നടന് മോഹൻലാൽ . പ്രണവ് ജീവിതം ആസ്വദിക്കുകയാണെന്നും, തന്റെ സ്വപ്നങ്ങൾ മകനിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണെന്നും മോഹൻലാൽ പറഞ്ഞു. സുഹാസിനി മണിരത്നവുമായുള്ള ഒരു സംഭാഷണത്തിനിടെയായിരുന്നു മോഹൻലാൽ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
‘ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ പ്രണവ് മികച്ച നടനുള്ള അവാർഡ് നേടി. അവന് അവന്റേതായ തത്വങ്ങളുണ്ട്. ധാരാളം സിനിമകൾ ചെയ്യാൻ അവന് താല്പര്യമില്ല . ഇടയ്ക്ക് സിനിമ ചെയ്യുക , യാത്രകൾ ചെയ്യുക അതാണ് അവന്റെ രീതി . അത് അവന്റെ ഇഷ്ടമാണ് . അതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല . അവൻ ജീവിതം ആസ്വദിക്കട്ടെ.
സിനിമയെന്ന സ്വപ്നം പങ്ക് വച്ചപ്പോൾ എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കുക . പിന്നെ നമ്മൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക എന്നാണ്. നമ്മുടെ കുട്ടികളെ നമ്മൾ എന്തിന് നിയന്ത്രിക്കണം , പ്രണവിന്റെ പ്രായത്തിൽ സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റിക്കറങ്ങാൻ ആഗ്രഹിച്ചയാളാണ് ഞാൻ . എന്റെ സ്വപ്നങ്ങള്‍ അവനിലൂടെ സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്,”- മോഹൻലാൽ പറഞ്ഞു.