ഹൈദരാബാദ് : അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹൈദരാബാദ് പൊലീസ്. അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയപ്പോൾ വസ്ത്രം മാറാൻ കുറച്ച് സമയം ആവശ്യപ്പെട്ടുവെന്നും പോലീസ് അത് നൽകിയെന്നുമാണ് ഹൈദരാബാദ് സെൻട്രൽ സോൺ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. അല്ലു കിടപ്പുമുറിയിലേക്ക് പോയി മടങ്ങി വരുന്നത് വരെ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് കാത്തുനിന്നുവെന്നും പ്രസ്താവനയിൽ പറയുന്നു .
നിയമത്തിന്റെ വഴിയിൽ മാത്രമാണ് മുന്നോട്ട് പോയിട്ടുള്ളത്. നിയമം എല്ലാവർക്കും തുല്യമാണ്.കസ്റ്റഡിയിലെടുത്തപ്പോൾ, ഒരു പോലീസുകാരും അല്ലുവിനോട് ബലപ്രയോഗം നടത്തിയില്ല. മോശമായി പെരുമാറിയില്ല. കുടുംബവുമായും ഭാര്യയുമായും ഇടപഴകാൻ മതിയായ സമയവും അല്ലുവിന് നൽകി. അദ്ദേഹം തന്നെയാണ് പുറത്തിറങ്ങി പോലീസ് വാഹനത്തിൽ പ്രവേശിച്ചതെന്നും പോലീസ് കമ്മീഷണർ വാർത്താക്കുറിപ്പിൽ പറയുന്നു.
അല്ലു അർജുൻ എത്തുന്നത് വരെ തിയേറ്ററിൽ തിരക്ക് നിയന്ത്രണവിധേയമായിരുന്നു . സെലിബ്രിറ്റികൾ എത്തുന്ന പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങീ പല അവസരങ്ങളിലും സുരക്ഷ ഒരുക്കാറുണ്ട് . എന്നാൽ പോലും എല്ലാ പരിപാടികൾക്കും സുരക്ഷ ഒരുക്കുന്നത് തങ്ങളുടെ കഴിവിന് അപ്പുറമാണ് .
അവിടെ തടിച്ചുകൂടിയ പൊതുജനങ്ങൾക്ക് നേരെ അല്ലു കൈവീശി , ഇത് ധാരാളം പൊതുജനങ്ങളെ തിയേറ്ററിൻ്റെ പ്രധാന ഗേറ്റിലേക്ക് ആകർഷിച്ചു. അതേ സമയം അദ്ദേഹത്തെ തിരികെ കൊണ്ടുപോകാൻ അദ്ദേഹത്തിൻ്റെ ടീമിനെ അറിയിച്ചു, പക്ഷേ അവർ അത് കാര്യമായെടുത്തില്ല. – എന്നും പോലീസ് പറയുന്നു.