മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മുഹമ്മദ് ഷെഹ്സാദ് എന്ന മുപ്പത് വയസ്സുകാരൻ ബംഗ്ലാദേശ് പൗരനാണെന്ന് വ്യക്തമായി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിടുവാൻ ബാന്ദ്ര കോടതി ഉത്തരവിട്ടു. ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത രേഖകൾ വ്യാജമാണെന്നും, ഇയാൾ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരനാണെന്ന് സംശയിക്കുന്നതായും മുംബൈ പോലീസ് അറിയിച്ചു.
ഈ സാഹചര്യത്തിൽ, സംഭവം പ്രതിപക്ഷ മുന്നണിയായ ഇൻഡിയ സഖ്യത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ശിവസേനയും. സെയ്ഫ് അലിഖാനെ ആക്രമിച്ച മുഹമ്മദ് ഷെഹ്സാദ് എന്ന ബംഗ്ലാദേശ് പൗരൻ ഹിന്ദു നാമത്തിലുള്ള വ്യാജരേഖയിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ വ്യക്തമാക്കി. ഇത് കോൺഗ്രസ് നയിക്കുന്ന ഇൻഡിയ മുന്നണിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്ത ഫലമാണ്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് റോഹിംഗ്യകൾ ഉൾപ്പെടെയുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സുവർണ്ണാവസരം ഒരുക്കിയത് ഇൻഡിയ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളുമാണെന്ന് മാളവ്യ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിപക്ഷ നേതാക്കൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ശിവസേന വക്താവ് കൃഷ്ണ ഹെഗ്ഡേയും ആവശ്യപ്പെട്ടു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരായ നിലപാട് ശിവസേന പരസ്യമാക്കിയിട്ടുള്ളതാണ്. സെയ്ഫ് അലിഖാനെ ആക്രമിച്ച മുഹമ്മദ് ഷെഹ്സാദിനെതിരെ കർശനമായ നടപടി വേണമെന്നും ഹെഗ്ഡെ ആവശ്യപ്പെട്ടു.
അതേസമയം, സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ ബംഗ്ലാദേശ് പൗരൻ പിടിയിലായതോടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിന്മേലുള്ള ചർച്ചകൾ ബിജെപി വീണ്ടും സജീവമാക്കി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനും ഇവ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ചു.