കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പുതുതായി സ്ഥാപിച്ച ഗേറ്റ് തകർന്നുവീണു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. എറണാകുളം ബാനർജി റോഡിന് അഭിമുഖമായുള്ള സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലെ ഗേറ്റാണ് ഇളകി വീണത്. കൂറ്റൻ ഗേറ്റ് തകർന്നുവീഴുമ്പോൾ ഇതുവഴി വന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോയിൽ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു. ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണു പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
അർജന്റീനിയൻ ദേശീയ ടീം പങ്കെടുക്കുന്ന ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്തിയ വിപുലമായ നവീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഗേറ്റ് സ്ഥാപിച്ചത് . സ്വകാര്യ സ്പോൺസറുടെ മേൽനോട്ടത്തിലാണ് നവീകരണ പദ്ധതി നടന്നത് . സ്റ്റേഡിയത്തിന്റെ നിയമപരമായ ഉടമയായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) സ്റ്റാൻഡേർഡ് റെഗുലേറ്ററി പ്രോട്ടോക്കോളുകൾ പാലിക്കാതെ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
സമീപകാല നവീകരണങ്ങളുടെ കൈമാറ്റ കരാറിന്റെ സുതാര്യതയെയും കുറിച്ച് ഔപചാരിക അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നു.

