വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരൻ. കേരളത്തിലെ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനുപിന്നിൽ തമിഴ്നാട്ടുകാരിയായ 20 വയസുള്ള പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞെന്നും താരം പറഞ്ഞു.
വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. പ്രായം കണക്കിലെടുത്ത്, പെൺകുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകർക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട്, താൻ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളെടുത്തിട്ടുണ്ടെന്നും ചെയ്ത പ്രവൃത്തിയുടെ പ്രത്യാഘാതം അവർ നേരിടേണ്ടിവരുമെന്നും അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെയും കുടുംബത്തെയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടു. എൻ്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അതിൽ ടാഗ് ചെയ്തിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആ പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു.
തുടരന്വേഷണത്തിൽ, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തും കമൻ്റ് ചെയ്തും വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഒരേ വ്യക്തി തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി തെളിഞ്ഞു. ഇതറിഞ്ഞയുടൻ ഞാൻ കേരളത്തിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. അവരുടെ സഹായത്തോടെ ഈ പ്രവൃത്തികൾക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയാനും കഴിഞ്ഞു.
അത് തമിഴ്നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള പെൺകുട്ടിയായിരുന്നു. അവളുടെ ചെറിയ പ്രായം കണക്കിലെടുത്ത്, അവളുടെ ഭാവിയെയോ മനസമാധാനത്തെയോ തകർക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട്, ഞാൻ അവളുടെ വ്യക്തിവിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാനാണ് ഞാൻ ഈ സംഭവം പങ്കുവെക്കുന്നത് – ഒരു സ്മാർട്ട്ഫോൺ കൈവശം വെക്കുന്നതോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതോ മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശം നൽകുന്നില്ല.
ഓൺലൈനിലെ ഓരോ പ്രവൃത്തിക്കും അതിൻ്റേതായ തെളിവുകൾ അവശേഷിക്കും, അതിന് ഉത്തരം പറയേണ്ടിയും വരും. ഞങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്, ആ വ്യക്തി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. – എന്നാണ് അനുപമ പരമേശ്വരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

