പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ അന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് “കോഹിനൂർ” എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി ”
ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് “ഗെറ്റ്-സെറ്റ് ബേബി”.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഈ ചിത്രം.
പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ് ‘ഗെറ്റ് സെറ്റ് ബേബി’ എത്തുന്നത്. RDX ന് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിൻ്റെ രചന വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് നിർവ്വഹിക്കുന്നു. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും “ഗെറ്റ് സെറ്റ് ബേബി”എന്ന് അണിയറപ്രവർത്തകൾ പറഞ്ഞു. സംഗീതം-സാം സി എസ്,എഡിറ്റിംഗ്-അർജു ബെൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൻ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രമോഷന് കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, പി ആർ ഒ-എ എസ് ദിനേശ്.