ധാക്ക : ലോകത്തിലെ ഏറ്റവും വലിയ ധനികനും അമേരിക്കൻ ടെക് വ്യവസായിയുമായ എലോൺ മസ്ക് അടുത്ത വർഷം ഏപ്രിലിൽ ബംഗ്ലാദേശ് സന്ദർശിക്കുമെന്ന് റിപ്പോർട്ട് . യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് പറയുന്നതനുസരിച്ച്, അടുത്ത വർഷം തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തിൽ എലോൺ മസ്ക് ഉൾപ്പെടെ നിരവധി ആഗോള വ്യവസായ പ്രമുഖർ പങ്കെടുത്തേക്കാം.
പ്രാദേശിക, വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബംഗ്ലാദേശ് ഇൻവെസ്റ്റ്മെൻ്റ് ഡെവലപ്മെൻ്റ് അതോറിറ്റി (BIDA) ഏപ്രിൽ പകുതിയോടെയാണ് അന്താരാഷ്ട്ര നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നത് . എന്നാൽ, കോൺഫറൻസിൽ എലോൺ മസ്കിൻ്റെ പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ ബിഡ എക്സിക്യൂട്ടീവ് ചെയർമാൻ ചൗധരി ആഷിഖ് മഹ്മൂദ് ബിൻ ഹാറൂൺ നിരസിച്ചു.
‘ഇതൊരു കിംവദന്തിയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല അല്ലെങ്കിൽ അത്തരം ചർച്ചകളെക്കുറിച്ച് എനിക്കറിയില്ല. ‘എന്നാണ് ചൗധരി ആഷിഖ് മഹ്മൂദ് ബിൻ ഹാറൂൺ പറയുന്നത് . എന്നാൽ എലോൺ മസ്ക് ഈ സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്ന മട്ടിൽ ബംഗ്ലാദേശ് മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ബംഗ്ലാദേശിൻ്റെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായാണ് ഏപ്രിലിൽ 6 ദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കാൻ പദ്ധതിയിടുന്നത് . കോൺഫറൻസിൽ, സുസ്ഥിര നിക്ഷേപം ആകർഷിക്കുന്നതിനായി മീറ്റിംഗുകൾ, എക്സിബിഷനുകൾ, സൈഡ് ഇവൻ്റുകൾ എന്നിവ സംഘടിപ്പിക്കും .ലോകത്തിലെ പല വൻകിട വ്യവസായികൾക്കും ഇടക്കാല സർക്കാർ ഇതിനകം ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് യുഎൻബി പറഞ്ഞു.