കേരളത്തിൽ സാധാരണയായി നവരാത്രിയുടെ അവസാന ദിനമായ വിജയദശമി നാളിലാണ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നത് . ആദ്യം ഗണപതിയും, പിന്നീട് സരസ്വതീ ദേവിയെ പ്രാർത്ഥിച്ച ശേഷം ആദ്യാക്ഷരം എഴുതിക്കുകയുമാണ് പതിവ്. ആചാര്യൻ അല്ലെങ്കിൽ ആദ്യാക്ഷരം കുറിക്കുന്ന വ്യക്തി നാവിൽ സ്വർണ്ണമോതിരം കൊണ്ട് ഹരിശ്രീ എന്നെഴുതുന്നു. അതിനുശേഷം തളികയിലെ അരിയിൽ വിരൽ പിടിച്ച് ‘ഓം ഹരിശ്രീ ഗണപതയേ നമഃ,അവിഘ്നമസ്തു എന്ന് എഴുതിക്കുന്നു.
എന്നാൽ ഏതെങ്കിലും കാരണത്താൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാൻ സാധിക്കാത്തവർക്ക് കുട്ടിയുടെ നക്ഷത്രം നോക്കി ഉത്തമമായ ദിവസവും , നക്ഷത്രവും, സമയവും ഗണിച്ച് വിദ്യാരംഭം വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്താം.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിൽ മുഴുവൻ ദിവസവും വിദ്യാരംഭം നടത്താറുണ്ട്.എല്ലാ ദിവസവും രാവിലെ 6.45 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ഇവിടെ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത് . സാധാരണയായി 3 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് ഇവിടെ വിദ്യാരംഭം കുറിക്കുന്നത്. സരസ്വതി ദേവിയെയും മഹാകാളി, മഹാലക്ഷ്മി സങ്കൽപ്പങ്ങളെയും ആരാധിച്ചുകൊണ്ടാണ് ഇവിടെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്.
വിദ്യാരംഭം കുറിക്കുന്നതിന്റെ അടുത്ത ദിവസം പഠനം ആരംഭിക്കണം. രണ്ടാമത്തെ ദിവസം ഒരു കാരണവശാലും പഠനം മുടങ്ങാൻ പാടില്ല. പാട്ട് , നൃത്തം , ചിത്രരചന തുടങ്ങിയ വാദ്യോപകരണങ്ങളുടെ പഠനവും വിജയദശമി നാളിൽ ആരംഭിക്കാം.
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിക്ക് അടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ എല്ലാ ദിവസവും വിദ്യാരംഭം കുറിക്കുന്നു. കേരളത്തിൽ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് നിത്യവും വിദ്യാരംഭം കുറിക്കുന്നത്.

