തിരുവനന്തപുരം : ശബരിമല സന്നിധാനത്തിലേയ്ക്കുള്ള നെയ്യ് മറിച്ചു വിറ്റ സംഭവത്തിൽ ട്രാൻസ്പോർട്ട് കരാറുകാരനെ അറസ്റ്റ് ചെയ്ത് വിജിലൻസ് .സന്നിധാനത്തേയ്ക്ക് കൊണ്ടു വന്ന 11,000 ലിറ്റർ ‘മിൽമ’ നെയ്യ് മറിച്ച് വിൽക്കുകയും , പകരം നിലവാരം കുറഞ്ഞ നെയ്യ് നൽകുകയും ചെയ്ത സംഭവത്തിലാണ് കരാറുകാരൻ എസ്.എസ്. ബിനു അറസ്റ്റിലായത്. 2025-ലെ തീർത്ഥാടന കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ലഭിച്ചിരുന്നത് ബിനുവിനായിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നെയ്യ് ക്രമക്കേട് വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏകദേശം 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു .ക്ഷേത്രത്തിലേക്ക് വിതരണം ചെയ്ത നെയ്യുടെ സംഭരണത്തിലും ഗുണനിലവാരത്തിലും ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നതിനെത്തുടർന്ന്, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്.
ശബരിമലയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന നെയ്യ് തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് ആരോപണം. അയ്യപ്പ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ‘അരവണ പായസം’ തയ്യാറാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വാങ്ങിയ മിൽമ നെയ്യാണ് ബിനു മറിച്ചു വിറ്റത്.
ക്വട്ടേഷനുകൾ ക്ഷണിക്കാതെ, ‘മിൽമ’ ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കേരള സഹകരണ ക്ഷീരോൽപ്പാദന ഫെഡറേഷന്റെ പത്തനംതിട്ട ഡയറി യൂണിറ്റിന് ദേവസ്വം ബോർഡ് നേരിട്ട് വിതരണ കരാർ നൽകുകയായിരുന്നു. തുടർന്ന്, നെയ്യ് എത്തിക്കുന്നതിനുള്ള ഗതാഗത കരാർ ബിനുവിന് നൽകി.ശബരിമലയിലേക്ക് അയക്കേണ്ടിയിരുന്ന യഥാർത്ഥ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികളിലേക്ക് വഴിതിരിച്ചുവിടുകയും, പകരം വിലകുറഞ്ഞ ഉൽപ്പന്നം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
തമിഴ്നാട്ടിലെ ‘ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്’, ‘ലിയോ ട്രേഡേഴ്സ്’ എന്നീ സ്ഥാപനങ്ങളിലേക്ക് നെയ്യ് കടത്തുന്നതിനായി ബിനു വ്യാജ ഇൻവോയ്സുകൾ ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചതായി വിജിലൻസ് സംശയിക്കുന്നുണ്ട്.

