ന്യൂഡൽഹി : ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ മതിലുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ . “ഫ്രീ കാശ്മീർ” , “ഫ്രീ ഷർജീൽ ഇമാം” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സർവകലാശാലയുടെ മതിലുകളിൽ എഴുതിയിരുന്നത്. 2020ലെ ഡല്ഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഷർജീൻ ഇമാമിന് പിന്തുണ അറിയിച്ച് ഡൽഹി പ്രതിഷേധങ്ങൾക്കിടയിലും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലും രാജ്യ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ജാമിയ മില്ലിയ ഇസ്ലാമിയയെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് വി.എച്ച്.പി വ്യക്തമാക്കി. സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ഈ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . “ഫ്രീ കാശ്മീർ”, “ഫ്രീ പലസ്തീൻ”, “ഫ്രീ ഷർജീൽ ഇമാം”, “ആർ.എസ്.എസ് ഗോ ബാക്ക്” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർവകലാശാലാ അധികൃതരോടും പോലീസിനോടും ബൻസാൽ ആവശ്യപ്പെട്ടു.
ഭരണഘടനയെ ‘ഫാസിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നവരെ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി സംരക്ഷിക്കുകയാണെന്ന് ബൻസാൽ ആരോപിച്ചു. “സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് ഉന്നത കോൺഗ്രസ് നേതാക്കൾ എന്നിവർ തങ്ങൾ ഷർജീൽ ഇമാമിനൊപ്പമാണോ, അതോ ഇന്ത്യൻ ഭരണഘടന, ജനാധിപത്യം, ദേശീയ ഐക്യം എന്നിവയ്ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം,” ബൻസാൽ പറഞ്ഞു. അതേസമയം സർവകലാശാലയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

