കൊച്ചി ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ . ഉമ്മൻ ചാണ്ടി നിർദേശിച്ച ജെ.എസ്. അഖിലിന്റെ പേര് വെട്ടി, പകരം യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നുവെന്നാണ് അമലിന്റെ ചോദ്യം .
പേര് വെട്ടാൻ കാണിച്ച ധൈര്യം, ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണമെന്നും, തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞു, ഇനി തിരഞ്ഞെടുത്ത പ്രതിഭകളെക്കൂടി കേരളമൊന്ന് അറിയട്ടെയെന്നുമാണ് അമൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
‘ സൈബർ ആക്രമണം നടത്തുന്നവരോട് അതു നടത്താൻ പറഞ്ഞവരോടും ഒരു വാക്ക്… നിങ്ങളുടെ കമന്റുകൾ എന്റെ നിലവാരമല്ല, നിങ്ങളുടെ സംസ്കാരമാണ് വിളിച്ചോതുന്നത്. അതെനിക്കൊരു വിഷയമേയല്ല! നിങ്ങൾക്ക് കുരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്… എനിക്ക് പറയാനുള്ളത് പറയാനും ‘ എന്ന് പറഞ്ഞാണ് അമൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രമേശ് ചെന്നിത്തലയ്ക്കും , ഷാഫി പറമ്പിലിനും, രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അമൽ . ആരുടെയും സർട്ടിഫിക്കറ്റ് കണ്ടിട്ടല്ല തന്റെ രാഷ്ട്രീയ നിലപാടുകൾ തീരുമാനിക്കുന്നതെന്നും.മ് വിമർശിക്കേണ്ടിടത്ത് വിമർശിക്കും, പറയേണ്ടത് മുഖത്തുനോക്കി പറയും. അതിന് ആരുടെയും അനുവാദവും ആവശ്യമില്ലെന്നും നേരത്തെ അമൽ വ്യക്തമാക്കിയിരുന്നു.

