മലപ്പുറം : കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും , കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ(25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28) , പറവണ്ണാ ബദനത്ത് വീട്ടിൽ അസറുദീൻ (25) എന്നിവരാണ് പിടിയിലായത്.
ഇവരിൽ സഫാനയുടെ കാമുകൻ പട്ടാമ്പി കൊണ്ടൂർക്കര സ്വദേശിയായ 19 കാരനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ എത്തിയിരുന്നു. പിന്നാലെ 10 ന് അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. ഫോണിൽ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ സുഹൃത്ത് നാദിയ ഇവർക്കരികിലെത്തി. നാദിയക്കൊപ്പം ഇർഷാദും, അസറുദ്ദീനും ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് താഴേപ്പാലം ബൈപാസിലൂടെ ഇവർ ഒരുമിച്ചു നടന്നു.
തുടർന്ന് കാറിൽ കയറ്റിയ ശേഷം കാമുകനെയും, സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചു. മർദ്ദിച്ച ശേഷം കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്തെ റോഡരികിൽ ഉപേക്ഷിച്ചു. കാമുകന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതോടെ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകൻ ശല്യം ചെയ്യുന്നുവെന്നും, സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമാണ് ക്വട്ടേഷൻ നൽകിയതിന്റെ കാരണമായി സഫാന പൊലീസിനോട് പറഞ്ഞത്.

