മസ്കറ്റ് : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. മറ്റ് 13 പേരെ രക്ഷപെടുത്തി. ഗുജറാത്ത് സ്വദേശിയായ നാവികൻ ഗന്ധർ നഹീം അസീസാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് എം എസ് വി അൽ യൂസുഫി എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഒമാൻ തീരസംരക്ഷണ സേന സ്ഥലത്തെത്തിയാണ് മറ്റ് 13 പേരെ രക്ഷപെടുത്തിയത്.
നാവികന്റെ മരണത്തിൽ കേന്ദ്രസർക്കാർ അനുശോചനം അറിയിച്ചു . ഒമാൻ സർക്കാരുമായി വിദേശകാര്യമന്ത്രാലയവും , ഇന്ത്യൻ എംബസിയും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് സർബാനന്ദ സോനോവാൾ വ്യക്തമാക്കി. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെട്ട 13 നാവികർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉടനടി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് – ഇറാൻ സംഘർഷങ്ങൾക്കിടയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അപൂർവ്വമാണ്. എങ്കിലും സമുദ്രവ്യാപാര പാതകളിൽ നടക്കുന്ന സംഘർഷം ഇന്ത്യൻ നാവികരെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

