ന്യൂഡൽഹി : പ്രതിഷേധങ്ങൾക്കായി ഒരു നിശ്ചിത സ്ഥലം അനിശ്ചിതകാലത്തേയ്ക്ക് കയ്യടക്കി വയ്ക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങൾക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ പോലും പരിപാടികൾ നടത്തുന്നതിന് നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷപാർട്ടികളടക്കം കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമർശം. ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കായി അനുവദിച്ച സ്ഥലമെന്ന പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധസമരം.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ തങ്ങളുടെ നടപടികൾ മൂലം ഉണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു.‘ ഒരു സ്ഥലം നിങ്ങൾക്ക് എന്നന്നേക്കുമായി കയ്യടക്കി വയ്ക്കാൻ കഴിയില്ല , മറ്റ് പ്രതിഷേധക്കാരും ഉണ്ടാകാം. കർഷകരും , അഭിഭാഷകരും എല്ലാവരുമുണ്ട്. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട് ‘ – ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ജൂലൈ 20 ന് ഒരു ദിവസത്തേയ്ക്ക് മാത്രമാണ് അനുമതി നൽകിയിരുന്നതെങ്കിലും പ്രതിഷേധക്കാൻ ആ സ്ഥലം കയ്യടക്കി വയ്ക്കുകയും പാർലമെന്റിലേയ്ക്ക് മാർച്ച് നടത്തുകയും ചെയ്തുവെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രമെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, പകരം പ്രതിഷേധങ്ങൾക്കായി മൂന്ന് സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

