ഹൈദരാബാദ് ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി നടൻ ചിരഞ്ജീവിയും, മകൻ രാം ചരണും . ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച . കേന്ദ്രമന്ത്രി ജി കിഷൺ റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു . സിനിമാ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഡീപ് ഫേക്ക് വീഡിയോയും ദുരുപയോഗം ചെയ്യുന്നതിലുള്ള ആശങ്കയും താരങ്ങൾ അമിത് ഷായെ അറിയിച്ചു. ഇതിനോട് വളരെ പോസിറ്റീവായ തരത്തിലാണ് അമിത് ഷാ പ്രതികരിച്ചതെന്നും രാം ചരൺ തേജ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമിത് ഷായ്ക്കൊപ്പമുള്ള ചിത്രങ്ങളും രാം ചരൺ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ‘ ഇന്ന് എന്റെ പിതാവ് ചിരഞ്ജീവിയ്ക്കൊപ്പം ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായെ കാണാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു ‘ എന്നാണ് രാം ചരൺ കുറിച്ചത് .
‘ എ ഐ യുടെയും,ഡീപ്ഫേക്ക് സാങ്കേതിക വിദ്യയുടെയും വർധിച്ചു വരുന്ന ദുരുപയോഗത്തെയും , അത് സിനിമാരംഗത്ത് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകൾ അദ്ദേഹം മനസിലാക്കുകയും , അനുകൂലമായി പ്രതികരിക്കുകയും ചെയ്തതിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്.
ഈ വിഷയം സർക്കാർ അടിയന്തരമായി പരിശോധിക്കുമെന്നും, ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും, ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നൽകിയ ഉറപ്പ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. “ എന്നും രാം ചരൺ കുറിച്ചു. പൂച്ചെണ്ടും, മഹാവിഷ്ണു വിഗ്രഹവും ,പരമ്പരാഗത ഷാളുമാണ് അമിത് ഷായ്ക്ക് ചിരഞ്ജീവി സമ്മാനിച്ചത്.

