അടുക്കളയിൽ പാചകത്തിനിടെ സവാളയോ ചെറിയ ഉള്ളിയോ എടുക്കുമ്പോൾ അതിനുമുകളിൽ കരി പറ്റിപ്പിടിച്ചതുപോലെയുള്ള കറുത്ത പാടുകൾ കാണാറുണ്ട്. ചിലതാണെങ്കിൽ ഉരച്ചു കളയാൻ ശ്രമിച്ചാൽ പോലും പൂർണമായി പോകാറില്ല . ഇത്തരത്തിലുള്ള സവാള ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.
മണ്ണോ , ചെളിയോ ഒന്നുമല്ല സവാളയ്ക്ക് മേൽ കാണുന്നത് ഒരു തരം പൂപ്പലാണ്. സസ്യങ്ങളിലോ ജന്തുജാലങ്ങളിലോ വളരുന്ന സൂക്ഷ്മ ഫംഗസുകളാണ് പൂപ്പലുകൾ. ഉള്ളിയിൽ സാധാരണയായി കാണപ്പെടുന്ന ഇത്തരം കറുത്ത പാടുകൾക്ക് പിന്നിൽ ‘അസ്പർഗില്ലസ് നൈഗർ’ എന്ന ഫംഗസാണ്. മണ്ണിൽ കാണപ്പെടുന്ന ഈ ഫംഗസ്, വിളവെടുപ്പിന് ശേഷമോ സംഭരണ വേളയിലോ ആണ് ഉള്ളിയെ ബാധിക്കുന്നത്.
നൂൽ പോലെയുള്ള ഘടനകളുള്ള ഫംഗസ് കോളനികളാണിവ. വായു, വെള്ളം, അല്ലെങ്കിൽ പ്രാണികൾ എന്നിവ വഴി പടരുന്ന ‘സ്പോറുകൾ’ ആണ് ഇതിന് കറുത്ത നിറം നൽകുന്നത്.ഇതിന്റെ വേരുകൾ പോലെ നേർത്ത നൂലുകൾ ഉള്ളിയുടെ ഉള്ളിലെ പാളികളിലേക്ക് ആഴത്തിൽ പടർന്നിട്ടുണ്ടാകാം. അവ മൂക്കിനടുത്ത് കൊണ്ടുവന്ന് മണത്തുനോക്കിയാൽ പോലും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്കും അലർജികൾക്കും കാരണമാകും.
ചില അസ്പർഗില്ലസ് ഫംഗസുകൾ ‘മൈക്കോടോക്സിൻ’ എന്ന വിഷവസ്തുക്കൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. പ്രതിരോധശേഷി കുറഞ്ഞവരിലും, ആസ്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവരിലും ഇത് അലർജിയോ അണുബാധയോ ഉണ്ടാക്കാം.
പൂപ്പൽ ബാധ ഉള്ളിയുടെ പുറമെയുള്ള ഉണങ്ങിയ തൊലിപ്പുറത്ത് മാത്രമാണുള്ളതെങ്കിൽ, ഉള്ളി അമർത്തുമ്പോൾ ഉറപ്പുള്ളതാണെങ്കിൽ അത് സുരക്ഷിതമായി ഉപയോഗിക്കാം. എന്നാൽ ഉള്ളിയുടെ ഉള്ളിലേയ്ക്കും ഈ കറുത്ത പാടുകൾ പടർന്നിട്ടുണ്ടെങ്കിലോ, ഉള്ളി ചീഞ്ഞ അവസ്ഥയിലോ, ദുർഗന്ധം വമിക്കുന്നതാണെങ്കിലോ അത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. പൂപ്പലുള്ള ഭാഗം മാത്രം മുറിച്ചുകളഞ്ഞ് ബാക്കി ഉപയോഗിക്കുന്ന രീതി തികച്ചും തെറ്റാണ്, കാരണം ഫംഗസിന്റെ നേർത്ത വേരുകൾ ഉള്ളിയുടെ ബാക്കി ഭാഗങ്ങളിലേക്കും പടർന്നിട്ടുണ്ടാകും.

