ഡബ്ലിൻ: ബെയ്ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് മുന്നറിയിപ്പുകൾ നിലവിൽ വന്നത്. നാളെ പുലർച്ചെയോടെ ബെയ്ലോ കൊടുങ്കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്.
കെറി, ഗാൽവേ കൗണ്ടികളിലാണ് രാവിലെ ഏഴ് മണി മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽവന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് വാണിംഗാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും ഇവിടെ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലും ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ്. അതിശക്തമായ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പാണ് ഇവിടെ ഏർപ്പെടുത്തിയത്.

