ഒരു തുണ്ട് താളിയോലയിൽ ജീവന്റെ രഹസ്യങ്ങൾ എഴുതി കാത്ത് വച്ചിരിക്കുന്ന വൈത്തീശ്വരൻ . തമിഴ്നാട്ടിലെ കുംഭകോണത്താണ് വൈത്തീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ട് ദർനമായിരിക്കുന്ന ക്ഷേത്രത്തിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ.
രാമായണ കാലഘട്ടത്തിൽ രാമനും ലക്ഷ്മണനും സപ്തൠഷിയും ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. രാമനും ലക്ഷ്മണനും ചേർന്ന് ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജഡായുകുണ്ഡവും ഇവിടെയാണ്. ചൊവ്വഗ്രഹത്തിന് കുഷ്ഠരോഗം ബാധിച്ചപ്പോൾ വൈദ്യനാഥൻ അത് ഭേദമാക്കിയതിനാൽ അന്നു മുതൽ ചൊവ്വയുടെ ക്ഷേത്രങ്ങളിൽ ഒന്നായും ഇതിനെ കണക്കാക്കുന്നു
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ അടിസ്ഥാനങ്ങളായ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം. ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടു എന്നു വിശ്വസിക്കുന്ന താളിയോലകളിൽ തേടിച്ചെല്ലുന്നവരുടെ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം കൃത്യമായി കാണാം എന്ന വിശ്വാസമാണ് ഇവിടുത്തെ നാഡീ ജ്യോതിഷത്തെ വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നത്.
ഇങ്ങനെ മനുഷ്യരുടെ ജാതകം എഴുതിയത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം. അദ്ദേഹത്തെ നാഡീ ജ്യോതിഷത്തിൻരെ ആചാര്യൻ എന്നാണ് വിളിക്കുന്നത്. ഒരിക്കൽ ശിവൻ പാർവ്വതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രം. ഇത് ഭൂമിയിൽ വെച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വെച്ചു എന്നും. അതിൻറെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.
പക്ഷെ, ഇവിടെ എത്തി താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ് എന്നാണ് വിശ്വാസികൾ പറയുന്നത്. നിയോഗമുള്ളവർക്ക് മാത്രമേ ഇവിടെ എത്താനും , താളിയോല കണ്ടെത്താനും കഴിയൂ എന്നാണ് വിശ്വാസം

