കണ്ണൂർ: തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സി.പി.എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹി സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്ത കാര്യവും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന ആശങ്കയും ദിവ്യ കത്തിൽ ഉന്നയിച്ചു.
ജില്ലാ കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും അവർ ആരോപിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കത്ത് അയച്ചത്. കത്ത് ലഭിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി സ്ഥിരീകരിച്ചു. ഇക്കാര്യം ഉടൻ ചർച്ച ചെയ്യാമെന്നും, ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന്, കണ്ണൂർ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ദിവ്യയെ ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.
വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുമെന്ന് ദിവ്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. നിരാശയെത്തുടർന്നാകാം, പാർട്ടിയിൽ നിന്ന് അകലുന്നതിനെ സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . ഇതിനിടെ, ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ശനിയാഴ്ച ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് നിർമ്മാണ കരാറുകൾ നൽകി എന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ഭർത്താവ് അജിത്ത്, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവരും അന്വേഷണ പരിധിയിൽ വരും.

