കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വസതികളിലും വിജിലൻസിന്റെ മിന്നൽ പരിശോധന . അനധികൃത പണപ്പിരിവ്, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികളെത്തുടർന്നായിരുന്നു നടപടി. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസ്, പച്ചാളം എരട്ടക്കുളങ്ങരയിലുള്ള പ്രജനി രാജന്റെ രണ്ട് വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനയ്ക്കിടെ, കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത യുഎസ് ഡോളറിന് ഏകദേശം 75,000 രൂപ മൂല്യമുണ്ടെന്ന് വിജിലൻസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള പ്രതിമാസ വരുമാനമാണ് പിടിച്ചെടുത്ത പണമെന്നാണ് പ്രജനി രാജൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ശനിയാഴ്ച രാവിലെ 7:45-ന് തുടങ്ങിയ പരിശോധന രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി എ.എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാറന്റ് നേടിയ ശേഷമായിരുന്നു പരിശോധന.
കൊച്ചിയിലെ ചില ബാർ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജിഎസ്ടി ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. പ്രജനി രാജൻ കുറച്ചുകാലമായി വിജിലൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. പണത്തിന് പുറമെ ചില രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

