ശ്രീനഗർ : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാനഭാഗമാണെന്ന് പ്രസ്താവിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ . കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിലാണ്സെർജിയോ ഗോറിന്റെ ഈ പ്രസ്താവന. ശ്രീനഗറിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി .
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാകുന്ന സമയത്താണ് ഗോറിന്റെ നിർണ്ണായക പ്രസ്താവന . അതേസമയം ഇത് യാദൃശ്ചികമല്ലെന്നും , പുതിയ യുഎസ് നയത്തിന്റെ സൂചനയാണെന്നുമാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം .
സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ മാത്രമല്ല. അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള പ്രത്യേക പ്രതിനിധി കൂടിയാണ്. 2026 ജനുവരിയിൽ അധികാരമേറ്റതിനുശേഷം അദ്ദേഹം കശ്മീരിലേക്കുള്ള ആദ്യ സന്ദർശനമാണിത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് യുഎസ് അംബാസഡർ കശ്മീർ സന്ദർശിക്കുന്നത്. ഈ സന്ദർശനം തന്നെ പ്രധാന നയതന്ത്ര നീക്കമാണെന്നാണ് റിപ്പോർട്ട്. ഗോർ ശ്രീനഗർ മാത്രമല്ല, ലഡാക്കും സന്ദർശിച്ചു.
1990 കളിൽ യുഎസ് അംബാസഡർമാർ കശ്മീർ സന്ദർശിച്ചിട്ടുണ്ടെങ്കിലും , അവർ ഒരിക്കലും കശ്മീരിനെ “ഇന്ത്യയുടെ ഭാഗം” എന്ന് വിശേഷിപ്പിച്ചിട്ടില്ല . “വാഷിംഗ്ടണിന്റെ ഇടപെടൽ സമീപനത്തിലെ പ്രധാന മാറ്റത്തെയാണ് ഗോറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള തർക്ക പ്രദേശമല്ല, മറിച്ച് ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് യുഎസ് ഇപ്പോൾ കശ്മീരിനെ കണക്കാക്കുന്നത്.” വിദേശകാര്യ വിദഗ്ദ്ധനും ജെഎൻയു പ്രൊഫസറുമായ ഡോ. രാജൻ കുമാർ പറയുന്നു.
നിലവിൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിൽ “യാത്ര ചെയ്യരുത്” എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ മുന്നറിയിപ്പ് തീവ്രവാദത്തെയും ആഭ്യന്തര കലാപത്തെയും ഉദ്ദേശിച്ചാണ് നൽകിയിരുന്നത് . ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു .
എന്നാൽ നിലവിലുളള യാത്രാ മുന്നറിയിപ്പ് കുറയ്ക്കണോ എന്ന് എന്ന കാര്യത്തിൽ പുനപരിശോധന നടത്തുമെന്നാണ് ഇപ്പോൾ ഗോർ പറയുന്നത് . ഇത്തരം വിലക്കുകൾ ലഘൂകരിച്ചാൽ, “നിരവധി അമേരിക്കക്കാർ ഇവിടെ വന്ന് ഈ സ്ഥലത്തിന്റെ ഭംഗി കാണുന്നത് ആസ്വദിക്കും” എന്നും ഗോർ പറഞ്ഞു.സുരക്ഷാ മെച്ചപ്പെടുത്തലുകൾക്ക് കേന്ദ്ര സർക്കാരിനെയും ജമ്മു കശ്മീർ സർക്കാരിനെയും അദ്ദേഹം പ്രശംസിച്ചു.

