സ്ലൈഗോ: വിദ്യാർത്ഥികൾക്കായി അതിരാവിലെ പുതിയ സർവ്വീസ് ആരംഭിക്കാൻ ഐറിഷ് റെയിലിനോട് ആവശ്യപ്പെട്ട് സ്ലൈഗോ കൗണ്ടി കൗൺസിൽ. നഗരത്തിന്റെ വടക്ക്- പടിഞ്ഞാറൻ മേഖലയിൽ താമസസൗകര്യം കണ്ടെത്താൻ വിദ്യാർത്ഥികൾ പ്രയാസപ്പെടുന്ന പശ്ചാത്തലത്തിലാണ് കൗൺസിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്ത് മണിയ്ക്ക് ശേഷം മാത്രമാണ് മേഖലയിലേക്ക് റെയിൽ സർവ്വീസുള്ളത്.
കൗൺസിലിൽ കൗൺസിലർ എഡൽ മക്ഷാരി റെയിൽ സർവ്വീസ് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിനെ മറ്റ് കൗൺസിൽ അംഗങ്ങൾ പിന്തുണച്ചു. ഡബ്ലിൻ- സ്ലൈഗോ ലൈനിലെ പടിഞ്ഞാറ് ഭാഗത്തേയ്ക്കുള്ള ആദ്യ സർവ്വീസ് രാവിലെ 10.16 നാണ് സ്ലൈഗോയിൽ എത്തിച്ചേരുക. ഇത് വിദ്യാർത്ഥികളുടെ യാത്രയ്ക്ക് ഒട്ടും സൗകര്യപ്രദമല്ലെന്ന് മക്ഷാരി പറഞ്ഞു. 8.30 ന് മുൻപ് സ്ലൈഗോയിൽ എത്തിച്ചേരുന്ന സർവ്വീസുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

