തിരുവനന്തപുരം ; മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത എതിർപ്പുമായി ഒരു സംഘം മന്ത്രിമാർ രംഗത്ത് . പുതിയ പി എസ് സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തിൽ വച്ചതോടെ മുഖ്യമന്ത്രി എതിർപ്പുമായി എത്തുകയായിരുന്നു. എ പി അനിൽ കുമാറാണ് മുഖ്യമന്ത്രിയ്ക്കെതിരെ ആദ്യം രംഗത്ത് വന്നത് . ഇതിന് പിന്നാലെ സണ്ണി ജോസഫും എത്തിയെന്നാണ് വിവരം.
വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആറ് മാസം പൂർത്തിയാകുന്ന ഘട്ടത്തിലാണ് അസാധാരണമായ രീതിയിൽ ഭരണപക്ഷത്തെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് യോഗത്തില്‍ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
എന്നാൽ ഈ അംഗങ്ങളുടെ പേരുകൾ എവിടെയാണ് ചർച്ച ചെയ്തതെന്ന് എ പി അനിൽ കുമാർ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനിൽ കുമാർ പറഞ്ഞു.ഇക്കാര്യത്തിൽ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രി എടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് എടുത്തില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായും കെ മുരളീധരന് പറഞ്ഞു.
നേരത്തെ വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തി ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുൻ കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് വിവരം. വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിയ്ക്ക് കടുത്ത നീരസമുണ്ട്.

