ഡബ്ലിൻ: അയർലൻഡിൽ ആരോഗ്യപ്രവർത്തകരുടെ നിയമനം സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു. നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന് കാണിച്ച് നഴ്സിംഗ് ഡയറക്ടർമാരും അസിസ്റ്റന്റ് ഡയറക്ടർമാരും എച്ച്എസ്ഇയ്ക്കും ആരോഗ്യവകുപ്പിനും കത്ത് നൽകി. നിലവിൽ ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ഇതിനിടെ നിയമനവുമായി ബന്ധപ്പെട്ട നിയന്ത്രണം സാഹചര്യം കൂടുതൽ വഷളാക്കുന്നുണ്ട്. ഇതേ തുടർന്നാണ് പ്രതിഷേധവുമായി നഴ്സിംഗ് ഡയറക്ടർമാർ രംഗത്ത് എത്തിയത്. പുതിയ നിയമന നിയന്ത്രണങ്ങൾ ആരോഗ്യപരിചരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നഴ്സിംഗ് ഡയറക്ടർമാർ കത്ത് നൽകിയത്. എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ്, ആരോഗ്യമന്ത്രി എന്നിവർക്കാണ് കത്ത് നൽകിയത്. നിയമന നിയന്ത്രണങ്ങൾ പിൻവലിച്ച്, നിലവിലെ ഒഴിവുകളിലേക്ക് ആളുകളെ നിയമിക്കണം എന്നാണ് ഇവരുടെ ആവശ്യം. നിലവിൽ രാജ്യത്ത് മൂവായിരത്തോളം നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും ഒഴിവാണുള്ളത്.

