തിരുവനന്തപുരം ; ഇനി സംസ്ഥാനത്ത് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന് സർക്കാർ . കരട് മദ്യനയത്തിലാണ് ഈ നിർദേശം. നിലവിൽ പ്രവർത്തിക്കുന്നവയ്ക്ക് തുടർന്ന് പോകാനും അനുമതിയുണ്ട്. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം. അന്തിമ തീരുമാനം യുഡിഎഫും മന്ത്രിസഭയും ചേർന്നാകും എടുക്കുക.
സംസ്ഥാനത്തെ 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ളവയാണ്. സംസ്ഥാനത്ത് 720 ബാറുകൾ ഉണ്ടായിരിക്കേ ഫൈവ് സ്റ്റാറുകൾക്ക് മാത്രം ബാർ മതിയെന്ന് 2014 ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ ത്രീ സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് എന്നു നയം മാറ്റി. ഈ നയമാണ് വി ഡി സതീശൻ സർക്കാർ മാറ്റുന്നത്.
നിലവിലെ ലൈസൻസുകൾ പുതുക്കാമെന്നല്ലാതെ ഇപ്പോഴുള്ള ബാറുകളുടെ എണ്ണം കുറയില്ല. പുതിയ ബിവറേജ് ഔട്ലെറ്റുകൾ വേണ്ടെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഔട്ലെറ്റ് ഷിഫ്റ്റ് ചെയ്യേണ്ടിവന്നാൽ വ്യവസ്ഥകൾ കർശനമാക്കും. പാർക്കിംഗ് ഉൾപ്പെടെ ബാർ ലൈസൻസിന് ആവശ്യമായ വ്യവസ്ഥകൾ ബാധകമാക്കും. മാത്രമല്ല ബാറുകളുടെ പ്രവർത്തന സമയങ്ങളിലും മാറ്റം വരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഴുവൻ ബാറുകളുടെയും പ്രവർത്തന സമയം രണ്ട് മണിക്കൂർ വർധിപ്പിച്ചിരുന്നു.എന്നാൽ ഇനി നഗരങ്ങളിൽ മാത്രം രാത്രി 12 വരെ ബാറുകൾ പ്രവർത്തിപ്പിച്ചാൽ മതിയെന്നാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം . ഇതിനായുള്ള മേഖലകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും.
ബാറിൽ മദ്യപിക്കുന്നവർ വാഹനമോടിച്ച് പുറത്തിറങ്ങുന്നത് ബാർ ഉടമയുടെ ഉത്തരവാദിത്തമാക്കി നിയമനിർമ്മാണം നടത്തും. മദ്യപിച്ചിറങ്ങുന്നവർക്ക് പ്രത്യേക ഡ്രൈവർമാരെ നിയോഗിക്കുകയോ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ വേണം . മദ്യപിച്ചു വാഹനമോടിക്കുന്നവർ അപകടമുണ്ടാക്കുന്നതു തടയാനാണു നിർദേശം

