തിരുവനന്തപുരം : സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ് ആർ വിനയകുമാർ. കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് പോലും അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് വിനയകുമാർ പറഞ്ഞു. ‘ മരണം വരെ കോടിയേരി താൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപെട്ട വിവരം അറിഞ്ഞിരുന്നില്ല. താൻ ഇപ്പോഴും പാർട്ടി സെക്രട്ടറിയാണെന്ന് വിശ്വസിച്ചാണ് ആ പാവം മരിച്ചത് ‘ വിനയകുമാർ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് താൻ പാർട്ടി വിടുകയാണെന്ന് വിനയകുമാർ വ്യക്തമാക്കിയത് . അതിനു പിന്നാലെയാണ് കോടിയേരിയുടെ അന്ത്യനാളുകളെ കുറിച്ച് ദേശീയമാധ്യമത്തോട് വിനയകുമാർ സംസാരിച്ചത്. കോടിയേരിയോട് പാർട്ടി നീതി കേടാണ് കാട്ടിയത് .കോടിയേരിയുടെ നിർദേശപ്രകാരമാണ് എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതെന്ന വാദവും വിനയകുമാർ തള്ളി. രോഗിയായ നേതാവിനെ ഇരുട്ടിൽ നിർത്തായായിരുന്നു ഇത്തരമൊരു തീരുമാനമെന്നും വിനയകുമാർ പറഞ്ഞു.
‘ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ല. അവസാനനിമിഷവും പാർട്ടി സെക്രട്ടറിയാണ് താനെന്നാണ് അദ്ദേഹം കരുതിയിരുന്നത് . എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന ദിവസം പിണറായിയും യെച്ചൂരിയും എംഎം ബേബിയും വീട്ടില്‍ വന്നിരുന്നു. എന്തിനാണ് അവർ വന്നതെന്ന് കോടിയേരി ചോദിച്ചു. എന്നാൽ തീരുമാനത്തെ പറ്റി അദ്ദേഹത്തെ അറിയിച്ചില്ല ‘ വിനയകുമാർ പറഞ്ഞു.
‘ യെച്ചൂരിയും, എം എ ബേബിയും, പിണറായിയും വീട്ടിൽ വച്ച് അടച്ചിട്ട മുറിയിൽ കോടിയേരിയുമായി ചർച്ച നടത്തി. അവർ പോയ ഉടൻ ഞാനും സഹോദരിയും മുറിയിൽ കയറി. അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന നടക്കുന്നതായി എനിക്ക് സംശയം തോന്നി. ഞാൻ അദ്ദേഹത്തോട് എന്താണ് നിങ്ങൾ സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ ഞങ്ങള്‍ അന്തരിച്ച ബംഗാളിലെ നേതാവ് അനില്‍ ബിശ്വാസിനെ കുറിച്ചാണ് സംസാരിച്ചതെന്നാണ് പറഞ്ഞത്.
സംസ്ഥാന കമ്മിറ്റി ചേർന്ന് സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം വൈകിട്ട് 4 മണിയോടെ എം വി ഗോവിന്ദൻ വീട്ടിൽ വന്നു. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടോയെന്ന് കോടിയേരി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ഇതിനെല്ലാം ഞാന്‍ സാക്ഷിയാണെന്നും ‘ വിനയകുമാര്‍ പറഞ്ഞു.
അതേസമയം വിനയകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം.ഇത്തരം പരാമർശങ്ങൾ പാർട്ടി ഗൗരവത്തോടെ എടുക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

