തിരുവനന്തപുരം ; ഡി സി സി അംഗം സുഹൈൽ ഷാജഹാൻ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കുന്ന വീഡിയോ പുറത്ത് വന്നു . കഴിഞ്ഞ ദിവമാണ് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത് . ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സബൈൻ ശിവദാസിന്റെ പരാതിയിൽ പേട്ട പൊലീസാണ് പരാതി രജിസ്റ്റർ ചെയ്തത്.
ആശുപത്രിയ്ക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വാർത്ത നൽകിയ ശേഷം അത് പിൻ വലിക്കാൻ പത്ത് ലക്ഷം രൂപ സുഹൈൽ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നു.സുഹൈൽ അടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. സുഹൈലിന്റെ ഭീഷണിയെ കുറിച്ച് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. ഇന്നലെ പണം വാങ്ങാനായി സുഹൈൽ എത്തിയപ്പോൾ ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു.
കൈപ്പറ്റിയ പണവുമായാണു സുഹൈലിനെ പേട്ട എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2022 ജൂണിൽ നടന്ന എകെജി സെന്റർ ആക്രമണകേസിലെ പ്രതിയുമാണ് കഠിനകുളം സ്വദേശിയായ സുഹൈൽ. എന്നാൽ അച്ചടക്ക നടപടികളുടെ ഭാഗമായി സുഹൈലിനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

