കൊൽക്കത്ത ; “സ്വന്തം മണ്ഡലത്തിൽ മമതയെ തോൽപ്പിക്കുക” എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് ആഹ്വാനം അണുവിട മാറ്റം വരാതെ യാഥാർത്ഥ്യമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി . മുഖ്യമന്ത്രി പദവിയിൽ നിന്ന് പുറത്താക്കുക മാത്രമല്ല മമത ബാനർജിയെ അവർ താമസിക്കുന്ന വാർഡിൽ തന്നെ പരാജയപ്പെടുത്തുകയും ചെയ്തു സുവേന്ദു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഭബാനിപൂരിലെ 267 ബൂത്തുകളിൽ 207 എണ്ണത്തിലും സുവേന്ദു മുന്നിലായിരുന്നു. കൂടാതെ കാളിഘട്ട് വസതി സ്ഥിതി ചെയ്യുന്ന വാർഡ് നമ്പർ 73 ൽ പോലും അദ്ദേഹം മമത ബാനർജിയെ പരാജയപ്പെടുത്തി. മമതയ്ക്ക് 4,284 വോട്ട് കിട്ടിയപ്പോൾ അതിന്റെ ഇരട്ടി 8,932 വോട്ടുകൾ നേടിയാണ് സുവേന്ദു വിജയം ഉറപ്പിച്ചത് . ഇതോടെ ഇപ്പോൾ ചർച്ചയാകുന്നത് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സുവേന്ദു അധികാരിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ സന്ദേശമാണ് . ‘ സ്വന്തം മണ്ഡലത്തിൽ മമതയെ തോൽപ്പിക്കുക ‘ എന്ന് താൻ സുവേന്ദുഅധികാരിയോട് പറഞ്ഞതായി അമിത് ഷാ പറഞ്ഞിരുന്നു.
മമത ബാനർജിയുടെ കാളിഘട്ട് വസതിയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള കാന്തിയിൽ താമസിക്കുന്ന സുവേന്ദു അധികാരിക്ക് തെക്കൻ കൊൽക്കത്ത മണ്ഡലത്തിൽ മുൻകാല രാഷ്ട്രീയ അടിത്തറയോ സംഘടനാ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. എന്നിട്ടും മമതയുടെ വാർഡിൽ ഇരട്ടിയിലധികം വോട്ടുകൾ അദ്ദേഹം നേടി. സ്വന്തം മണ്ഡലത്തിൽ അവരെ പരാജയപ്പെടുത്തുമെന്ന അമിത് ഷായുടെ വാഗ്ദാനം അക്ഷരാർത്ഥത്തിൽ നിറവേറ്റി.സുവേന്ദു അധികാരി 63 ശതമാനം വോട്ട് നേടിയപ്പോൾ, മമത ബാനർജിക്ക് 30 ശതമാനം മാത്രമേ നേടാനായുള്ളൂ. മമതയ്ക്ക് 50 വോട്ട് പോലും നേടാൻ കഴിയാത്ത നിരവധി വാർഡുകളുള്ള ഭബാനിപൂരിലുടനീളം സുവേന്ദുവിന്റെ വിജയം അതിശയിപ്പിക്കുന്നതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

