തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ . പോലീസ് അന്വേഷണത്തിൽ വീഴ്ച്ചയിലെന്നും സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യമാണ്.നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്- എന്നും കുടുംബം പറയുന്നു.
നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് എന്നാണ് സർക്കാർ നിലപാട് . ഈ സാഹചര്യത്തിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല എന്നും സർക്കാർ സത്യ്വാങ്മൂലത്തിൽ പറയുന്നു .