കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ റീ പോളിംഗ് ആരംഭിച്ചു. മഗ്രഹത്ത് വെസ്റ്റിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് വീണ്ടും പോളിംഗ് നടക്കുന്നത് . ഇന്ന് രാവിലെ 7 മണിയ്ക്കാണ് വോട്ടിംഗ് ആരംഭിച്ചത് . വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഏപ്രിൽ 29 ന് നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിനാലാണ് പോളിംഗ് അസാധുവായി പ്രഖ്യാപിച്ചത് . വീണ്ടും വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഇന്ന് ഉച്ചതിരിഞ്ഞ് പാർട്ടിയിലെ എല്ലാ കൗണ്ടിംഗ് ഏജന്റുമാരുമായും വെർച്വൽ മീറ്റിംഗ് നടത്തും. വോട്ടിംഗിൽ കൃത്രിമത്വം നടന്നതായി കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് മീറ്റിംഗ് നടത്തുന്നത്. 291 നിയമസഭാ മണ്ഡലങ്ങളിലെയും കൗണ്ടിംഗ് ഏജന്റുമാർ വൈകുന്നേരം 4 മണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
ബംഗാളിൽ വോട്ടെണ്ണലിനായി കേന്ദ്ര സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ (പിഎസ്യു) ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതി തള്ളിയ ഹർജിയെ ചോദ്യം ചെയ്ത് ടിഎംസി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ സമയത്ത് കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയോഗിച്ചതിനെയാണ് ഹർജി ചോദ്യം ചെയ്യുന്നത് . ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ ഇക്കാര്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഏപ്രിൽ 30 ന് ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

