ഡൺമുറി: ഡൺമുറിയിൽ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് . 66 വയസ്സുള്ള പ്രതിയ്ക്കെതിരെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 66 വയസ്സുള്ള പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ തീവ്രവാദ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കാറിനുള്ളിൽ സ്ഫോടക വസ്തു സ്ഥാപിച്ചുകൊണ്ടായിരുന്നു പൊട്ടിത്തെറി സൃഷ്ടിച്ചത് എന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകശ്രമം, ജീവന് അപകടപ്പെടുത്തുകയോ സ്വത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കുക, ജീവന് അപകടമുണ്ടാക്കുന്നതോ സ്വത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുന്നതോ ആയ സ്ഫോടനം നടത്തുക, തീവ്രവാദത്തിന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ കൈവശം വയ്ക്കുക, ഹൈജാക്കിംഗ് എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്

