തൃശൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 ഓളം യാത്രക്കാർക്ക് പരിക്ക്. കുന്നംകുളം-തൃശൂർ റോഡിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.
പട്ടാമ്പിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസാണ് എതിർദിശയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചത് . കുന്നംകുളത്തെ ഒനീറോ ജംഗ്ഷനിലാണ് അപകടം . തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. നാട്ടുകാരും , പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത് . പരിക്കേറ്റ 15 യാത്രക്കാരെയും കുന്നംകുളത്തെ മലങ്കര ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു . രണ്ട് ബസുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് .

