എൺപത് വർഷങ്ങൾക്ക് മുമ്പ്, കൊളറാഡോയിൽ ഒരു കർഷകൻ ഒരു കോഴിയുടെ തലയറുത്തു, എന്നിട്ടോ ? അങ്ങനെ അങ്ങ് മരിക്കാൻ ഇഷ്ടമല്ലാത്ത ആ വീരൻ പിന്നെയും ജീവിച്ചു തലയില്ലാതെ 18 മാസം.
മൈക്ക് എന്ന് അറിയപ്പെട്ട ആ കോഴിയുടെ ജീവിതം പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ് . 1945 സെപ്റ്റംബർ 10 ന് കൊളറാഡോയിലെ ഫ്രൂട്ടയിലുള്ള ഫാമിൽ ലോയ്ഡ് ഓൾസണും ഭാര്യ ക്ലാരയും കോഴികളെ കൊന്നുകൊണ്ടിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും ഒരെണ്ണം മാത്രം ചാവാതിരിക്കുന്നത് ഒല്‍സന്റെ ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല ആ കോഴി ശബ്ദമുണ്ടാക്കി അവിടെയൊക്കെ ഓടി നടന്നു.
രാത്രിയിൽ ഓൾസൺ ഫാമിന്റെ മുറ്റത്ത് വച്ച പഴയ ആപ്പിൾ പെട്ടിയിൽ ആ തലയില്ലാ കോഴിയെ അടച്ചിട്ടു. പിറ്റേന്ന് രാവിലെ ലോയ്ഡ് ഓൾസൻ ഉണർന്നപ്പോഴും ആ കോഴി ജീവിച്ചിരിപ്പുണ്ടായിരുന്നു.
രാവിലെ കശാപ്പ് ചെയ്ത കോഴികളെ പട്ടണത്തിൽ വിൽക്കാൻ കൊണ്ടു പോകുമ്പോൾ ഓൾസൺ ഈ തലയില്ലാ കോഴിയെയും ഒപ്പം കൂട്ടി. ഇതിനെ കാണിച്ച് പലരിൽ നിന്നായി പണവും വാങ്ങി.അത്ഭുതകരമായ തലയില്ലാത്ത പക്ഷിയെക്കുറിച്ച് ഫ്രൂട്ടയിൽ വാർത്ത പരന്നു. പ്രാദേശിക പത്രം ഓൾസണുമായി അഭിമുഖം നടത്തി .
പരീക്ഷണശാലകളിലും പ്രദർശനങ്ങളിലും മൈക് സ്ഥിരം സാന്നിധ്യമായി, മാസികകളുടെയും പത്രങ്ങളുടെയും സ്ഥിരം മോഡലായ തന്റെ തലയില്ലാക്കോഴിയെ വച്ച് ഒൽസെന് കോടികൾ ഉണ്ടാക്കാനും തുടങ്ങി. ഒടുവില്‍ പതിനെട്ടു മാസങ്ങൾക്കു ശേഷം മൈക് മരണത്തിനു കീഴടങ്ങിയെങ്കിലും 1999 മുതൽ മെയ് മൂന്നാമത്തെ ആഴ്ച്ചാവസാനം മൈക് ദ ഹെഡ് ലസ് ചിക്കൻ ഡേ ആയി കോളറാഡോയിൽ ആചരിക്കാൻ തുടങ്ങി
കോഴി എങ്ങനെ ജീവിച്ചിരുന്നുവെന്ന് കണ്ടെത്താൻ ആരും ശ്രമിച്ചതുമില്ല, ശ്രമിച്ചവർക്ക് ഉത്തരം കിട്ടിയതുമില്ല.എന്നാൽ ഇപ്പോള്‍ അതിന് ഒരുത്തരമായിരിക്കുകയാണ്. ശരീരത്തിൽ നിന്ന് തലച്ചോർ വേർപെട്ടെങ്കിലും കുറച്ചു സമയത്തേയ്ക്ക് സ്പൈനൽ കോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്സിജൻ നിലനിന്നതാണ് മൈക് ജീവിച്ചിരിക്കാൻ കാരണം.തലയറുക്കുമ്പോൾ മിക്ക കോഴികളും ചത്തുവീഴും. പക്ഷേ ചുരുക്കം സന്ദർഭങ്ങളിൽ ന്യൂറോണുകൾ പ്രവർത്തിക്കാൻ സജ്ജമാകും. അറുത്തു മുറിച്ചെങ്കിലും ഒരു കഷ്ണം മസ്തിഷ്ക ഭാഗത്തിന്റെ സഹായത്തോടെ മൈക് ജീവിച്ചു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയെല്ലാം ബാക്കിയായ ഇൗ മസ്തിഷ്കഭാഗത്തിന്റെ സഹായത്തോടെയാണ് നിർവഹിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.