മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഞായറാഴ്ച ഉക്രെയ്ൻ വൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ റഷ്യൻ ഹൈവേ പാലം തകർന്നു.ഏഴു പേർ മരിച്ചു . 69 പേർക്ക് പരിക്ക്. മോസ്കോയിലേക്ക് 388 യാത്രക്കാരുമായി പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലെ ഹൈവേ പാലമാണ് സ്ഫോടനത്തിൽ തകർന്നത്.
2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ ഉക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിത്. ഒലെന്യ, ബെലയ വ്യോമതാവളങ്ങളിൽ ഉക്രെയ്ൻ കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. നാൽപ്പതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി ഉക്രെയ്ൻ അവകാശപ്പെടുന്നു..
ഞായറാഴ്ച ഉക്രെയ്നിലെ ഒരു സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തി 12 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണങ്ങൾ. ഉക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെയുള്ള സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലാണ് ബെലയ, ഒലെന്യ വ്യോമതാവളങ്ങൾ സ്ഥിതി ചെയ്യുന്നത്. ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചു. ഉക്രെയ്ൻ സൈബീരിയയെ ആക്രമിക്കുന്നത് ഇതാദ്യമാണ്. സ്രെഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ഉക്രെയ്ൻ വിമാനം ആക്രമിച്ചതായും ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

