കോഴിക്കോട്: റാപ്പർ വേടന്റെ ഗാനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി രംഗത്ത് . കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ ഗാനം പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. എ.കെ. അനുരാജ് വൈസ് ചാൻസലർക്ക് പരാതി നൽകി.
മയക്കുമരുന്ന് ഉപയോഗിക്കുന്ന വേടൻ, വരും തലമുറയ്ക്ക് താൻ ഒരു മോശം മാതൃകയാണെന്ന് സമ്മതിച്ചതായും പരാതിയിൽ പറയുന്നു. വേടന്റെ ഗാനം സിലബസിൽ ഉൾപ്പെടുത്തിയത് അങ്ങേയറ്റം മോശമാണ്. ലഹരി വസ്തുക്കൾ കൈവശം വച്ചതിനാണ് വേടനെ അറസ്റ്റ് ചെയ്തത്. വേടന്റെ ഗാനങ്ങളിൽ മദ്യം നിറച്ച ഗ്ലാസുകളുടെ ദൃശ്യങ്ങളുണ്ട്. വേടന്റെ രചന സിലബസിൽ ഉൾപ്പെടുത്തുന്നത് അദ്ദേഹം പിന്തുടരുന്ന അനുകരണീയമായ പാത പിന്തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വേടന്റെ ‘ഭൂമി വാഴുന്നിടം’ എന്ന ഗാനമാണ് കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് . പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവും വേടന്റെ ഗാനവും തമ്മിലുള്ള താരതമ്യ പഠനവും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ റാപ്പ് സംഗീതവും മലയാളം റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയാണ് പഠനം. രണ്ട് വീഡിയോ ലിങ്കുകളായാണ് ഗാനങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

