ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് എഡന്റിറ്റി വേരിഫിക്കേഷൻ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപീകരണത്തിനായി പാർലമെന്ററി സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, വാട്സാപ്പ് എന്നിവ ഉപയോഗിക്കാൻ കെ വൈ സി നിർബന്ധമാക്കണം എന്ന നിർദേശമാണ് പാർലമന്ററി സമിതി മുന്നോട്ട് വെക്കുന്നത്. നിർദേശം നടപ്പിലായാൽ പുതിയ അക്കൗണ്ട് എടുക്കുന്നവർക്കും നിലവിലെ ഉപഭോക്താക്കൾക്കും പാൻ കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കിയേക്കും.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സമിതി മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി കർശനമാക്കും. ഡീപ്ഫേക്ക്, അപകടകരമായ ഗെയിമുകൾ എന്നിവയിലേക്ക് കുട്ടികൾക്കുള്ള ആക്സസ് തടയും.
ഒറ്റത്തവണ ഐഡന്റിറ്റി പരിശോധനയിൽ കാര്യങ്ങൾ ഒതുങ്ങില്ല. നിശ്ചിത ഇടവേളകളിൽ വേരിഫിക്കേഷൻ നടപടികൾ ആവർത്തിച്ച് കൊണ്ടേയിരിക്കും. സാമൂഹിക മാധ്യമ സ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരും. കെ വൈ സി ചട്ടങ്ങളിൽ വീഴ്ച വരുത്തുകയോ, നിയമവിരുദ്ധ ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കതിരിക്കുകയോ ചെയ്താൽ നിരോധനം ഉൾപ്പെടെയുള്ള കടുത്ത നടപടികളും ഉണ്ടാകും.
നിർദേശങ്ങൾ നിയമമാകുന്നതോടെ, രാജ്യത്തെ സാമൂഹിക മാധ്യമ ഉപയോഗത്തിന് പുതിയ മാനങ്ങൾ കൈവരും. അജ്ഞാത അക്കൗണ്ടുകളും ഫേക്ക് അക്കൗണ്ടുകളും ഇതുവഴി പൂർണ്ണമായും ഒഴിവാക്കപ്പെടും. സാമൂഹിക മാധ്യമങ്ങൾ വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ ഐഡന്റിറ്റി വേരിഫിക്കേഷൻ മുഖേന നിമിഷങ്ങൾക്കകം പിടികൂടാൻ സാധിക്കും. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കും ഇതോടെ അറുതിയാകും.

