ന്യൂഡൽഹി: എൽപിജി ക്ഷാമം മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ . പൊതുജനങ്ങളുടെ യാത്രസഞ്ചാരങ്ങൾക്കോ, സാമ്പത്തിക പ്രവർത്തനങ്ങൾക്കോ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്. ലോക്ക്ഡൗൺ പോലുള്ള ഒരു നടപടിയും പരിഗണിക്കുന്നില്ലെന്നും അവർ പറഞ്ഞു.
“ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാനാകും. ലോക്ക്ഡൗൺ ഉണ്ടാകുമെന്നും ഇന്ധനക്ഷാമം ഉണ്ടാകുമെന്നും ചില നേതാക്കൾ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണ്.
രാഷ്ട്രീയക്കാരിൽ നിന്ന് വരുന്ന ഇത്തരം പ്രസ്താവനകൾ ആശങ്കാജനകമാണ്. കോവിഡ് പോലുള്ള ലോക്ക്ഡൗൺ ഉണ്ടാകില്ല. അത്തരമൊരു നിർദ്ദേശം ഇന്ത്യാ ഗവൺമെന്റ് പരിഗണിക്കുന്നില്ല. ഇത്തരമൊരു സമയത്ത്, നമ്മൾ ശാന്തരും ഉത്തരവാദിത്തമുള്ളവരും ഐക്യത്തോടെയും തുടരണം. ഈ സാഹചര്യത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ ദോഷകരമാണ്. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയരുന്നതിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്നും ” നിർമ്മല സീതാരാമൻ പറഞ്ഞു.
പകർച്ചവ്യാധിയുടെ സമയത്ത് ഏർപ്പെടുത്തിയതുപോലുള്ള ലോക്ക്ഡൗൺ രാജ്യത്ത് ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയും നേരത്തെ വ്യക്തമായി പ്രസ്താവിച്ചിരുന്നു. ലോക്ക്ഡൗണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ “ദോഷകരം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം അവയെ നിശിതമായി വിമർശിക്കുകയും ചെയ്തു.

